മെട്രോ തൂണിന്റെ ബലക്ഷയം: പാലാരിവട്ടം മാതൃകയിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തും

 

കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെ പറ്റി പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. കെ എം ആർ എല്ലിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും നടപടി. ബലക്ഷയം സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ പരിശോധന നടന്നിരുന്നു. ആലുവ മുതൽ പേട്ട വരെയുള്ള 975 മെട്രോ തൂണുകളിൽ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുള്ളതെന്ന് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു

പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവാകാം ബലക്ഷയത്തിന് കാരണമായിട്ടുള്ളതെന്നാണ് സൂചന. മറ്റ് മെട്രോ തൂണുകളിലും വിശദമായ പരിശോധന നടത്താൻ കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബലക്ഷയം കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണിന്റെ പൈലിംഗ് ബലപ്പെടുത്തും. ഇതിനായി നാല് വശങ്ങളിൽ നിന്നുമായി എട്ട് മുതൽ പത്ത് മീറ്റർ വരെ കുഴിയെടുക്കും

തൂണിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും. കരാറുകാരായ എൽ ആൻ ടി തന്നെ ചെലവ് വഹിക്കും. നിർമാണത്തിൽ പിഴവ് സംഭവിച്ചുവെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരൻ സമ്മതിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നത്.