സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടലുമായി മുന്നോട്ടു പോകുമെന്ന് കെ റെയില്‍ എംഡി .വി അജിത് കുമാര്‍. ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തും. സാമൂഹിക ആഘാത പഠനത്തിനായാണ് കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. കെ റെയിലിന്റെ പത്ത് മീറ്ററില്‍ ബഫര്‍ സോണ്‍ ആണ്. ഈ ബഫര്‍ സോണിന്റെ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണങ്ങളാകാം
നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ. സാമൂഹിക ആഘാത പഠനം നടത്തിയാല്‍ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിര്‍ക്കുന്നവരെയും മനസിലാക്കാനും നഷ്ടപരിഹാരം കൊടുക്കാനും കഴിയൂ.
സാമൂഹിക ആഘാത പഠനത്തെ വിലയിരുത്താന്‍ പബ്ലിക്ക് ഹിയറിങ് നടത്തി റിപ്പോര്‍ട്ട് തയാറാക്കും. റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷം സര്‍ക്കാരിനു നല്‍കും. സര്‍ക്കാര്‍ അനുമതി നല്‍കിയാലേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിയും വേണം. വിദഗ്ധസമിതി അലൈന്‍മെന്റ് മാറ്റാന്‍ നിര്‍ദേശിച്ചാല്‍ അതനുസരിച്ച് മാറ്റമുണ്ടാകും. സാമൂഹിക ആഘാതം പരമാവധി കുറച്ചാണ് നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും കെ റെയില്‍ എംഡി വ്യക്തമാക്കി.