അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അർപ്പിക്കും. ഇന്നത്തെ കാര്യപരിപാടികളിൽ ഇത് മാത്രമാണുള്ളത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും കക്ഷി നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും. നാളെ മുതൽ മൂന്ന് ദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയാണ്
അഞ്ച് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് പിടി തോമസ്. വെല്ലൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം അന്തരിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു.
മഹാരാജാസ് കോളജിൽ നിന്ന് കെ എസ് യു പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സഭയുമായി ഏറ്റുമുട്ടലുണ്ടായി. ഇതേ തുടർന്ന് ഇടുക്കി സീറ്റിൽ നിന്ന് കോൺഗ്രസ് പിടി തോമസിനെ മാറ്റി. 2016ൽ തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പിടി തോമസ് 2021ലും വിജയം ആവർത്തിച്ചു. അർബുദരോഗബാധിതനായാണ് അദ്ദേഹം മരിച്ചത്.