അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് കേരള നിയമസഭ. നിയമസഭയെ വാദമുഖങ്ങൾ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി ടി തോമസിന് തനതായ നിലപാടുകളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു. അദ്ദേഹം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
പശ്ചിമ ഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്റെ പാർട്ടിക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടിൽ ഉറച്ചുനിന്ന അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുമായിരുന്നു. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പോലും ചിന്തിക്കാത്ത അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാലാണ് പിടി തോമസ് സ്വന്തം പാർട്ടിയിൽ പോലും വ്യത്യസ്തനായത്.
രോഗത്തിന് മുൻപിലും തളരാതെ പി ടി തോമസ് കരുത്തോടെ നിന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷകളെ ഇരുളിലാക്കിക്കൊണ്ടാണ് ദുഖകരമായ വിയോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തും വായനയും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സാംസ്‌കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം മുന്നോട്ടുകൊണ്ടുപോകുന്ന ശൈലി പി ടി തോമസിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.