സംസ്ഥാനത്ത് ലോക്ക് ഡൗൺ അവസാന മാർഗം മാത്രം; ക്ലസ്റ്റർ മാനേജ്‌മെന്റ് മാർഗനിർദേശം പുറത്തിറക്കി

സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്‌മെന്റ് മാർഗനിർദേശം പുറത്തിറക്കി.

ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കലക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും ഒരു ടീം രൂപീകരിക്കണം. കൃത്യമായി സ്ഥാപനത്തിൽ രോഗം പടരുന്നുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഈ ടീം നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും ആളുകൾ പുറത്തിറങ്ങരുത്. പരിശോധന നിർബന്ധമാണ്. പനിയുള്ളവർ പുറത്തേക്ക് ഇറങ്ങുകയോ മറ്റ് ആളുകളുമായി ഇടപഴകുകയോ ചെയ്യരുതെന്നും മന്ത്രി നിർദേശിച്ചു.