തേക്ക്മരം വീണ് വീട് തകര്‍ന്നു; ഓടിനടിയില്‍ കുടുങ്ങിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: തേക്ക്മരം വീണ് വീട് തകര്‍ന്നു. ഓടിനടിയില്‍ കുടുങ്ങിയ ആറ് വയസ്സുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി ഉല്ലാസ് നഗറില്‍ ഭാര്‍ഗവി മുകുന്ദന്റെ വീടിന് മേലാണ് ശക്തമായ കാറ്റില്‍ തേക്ക്മരം വീണത്. ഇന്ന് രാവിലെ 6.15 ഓടെയാണ് സംഭവം. മേല്‍ക്കൂരക്ക് താഴെ സീലിംഗ് നടത്തിയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സീലിംഗ് തകര്‍ന്ന് താഴെ വീണ ഓടുകള്‍ക്കിടയില്‍ കുട്ടി കുടുങ്ങിയെങ്കിലും മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി.

 

കുട്ടിയുടെ മൂക്കും കണ്ണുമൊഴികെ ബാക്കി ഭാഗങ്ങളെല്ലാം ഓടിനാല്‍ മൂടിയിരിക്കയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെത്തി ഓടുകള്‍ മാറ്റി പുറത്തെടുത്തു. അത്ഭുതകരമാംവിധം കുട്ടിക്ക് പരുക്കുകള്‍ ഏറ്റിരുന്നില്ല. ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാകെ തകര്‍ന്നിരിക്കയാണ്. ചുമരുകള്‍ക്കും വിള്ളലുകളുണ്ടായിട്ടുണ്ട്. വീടിന്റെ ഹാള്‍, മൂന്ന് മുറികള്‍, സിറ്റൗട്ട് തുടങ്ങിയവ ഉപയോഗശൂന്യമായിരിക്കയാണ്. സംഭവം നടന്നയുടനെ മെയിന്‍ സ്വിച്ച് ഓഫാക്കിയതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. ടി വിയും വീട്ടുപകരണങ്ങളും മറ്റും നശിച്ചിട്ടുണ്ട്. വീട് താമസ യോഗ്യമല്ലാത്തതിനാല്‍ ബന്ധു വീട്ടിലേക്ക് മാറിയിരിക്കയാണ് വീട്ടുകാര്‍.