മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.
ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയര്‍ന്നിരുന്നു.
ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഡാമില്‍ നിന്ന് തൊടുപുഴയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന സെന്റീ മീറ്ററാണ്. തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ രാത്രി ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ജലനിരപ്പ് 2379.68 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിച്ചു. മുല്ലപ്പെരിയാറില്‍ 125.75 അടിയാണ് ജലനിരപ്പ്.