നിലമ്പൂർ: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ. പിഴ ഇടാക്കി എന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിർദേശം എഴുതി നൽകുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
മൂത്തേടം സ്വദ്ദേശി അത്തിമണ്ണിൽ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ പ്രതിഷേധമുണ്ടയത്. സെക്ടറൽ മജിസ്രേട്ടിന്റെ നടപടിക്കെതിരെ സാമൂഹ്യ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഇയർന്നത്.
ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് നിഷ്‌കളങ്കതയോടെ മറുപടി പറയുന്ന വയോധിക്ക് പിഴ ചുമത്തിയതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. അമ്മ മകളുടെയും മകന്റെയും വീടുകളിലേക്ക് പോകാറുണ്ടെന്നും അവരെ തടയാറില്ലെന്നും നല്ലതുപോലെ മക്കൾ നോക്കുന്നുമുണ്ടെന്നും വീഡിയോ വൈറലായത് വലിയ വിഷമമുള്ളതായും മകളുടെ ഭർത്താവ് പറഞ്ഞു. കുട്ടികളുടെ സ്വഭാവമാണ് ഉമ്മക്ക് എന്നും മക്കൾ പറയുന്നു.
ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കരാർ വാഹനത്തിന്റെ ഡ്രൈവർ ഹംസയാണ് വീഡിയോ തന്റെ മൊബൈലിൽ പകർത്തിയത്. ഉമ്മയെ കണ്ടപ്പോൾ തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലിൽ പകർത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ വീഡിയോ പ്രചരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.