കോവിഡ്‌ പ്രതിസന്ധി; വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

 

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്നും 2018 ലെ പ്രളയം മുതല്‍ ആകെ തകര്‍ന്നിരിക്കുന്ന കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ കോവിഡ്‌ അതിരൂക്ഷമായ പ്രതിസന്ധികൾ സൃഷ്‌ടിച്ചിരിക്കുകയാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‌ അയച്ച കത്തില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ സാമ്പത്തിക- സാമൂഹിക രംഗങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ സാധ്യമായ എല്ലാ നടപടികളും സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്‌തിഗത വായ്‌പകള്‍ എടുത്ത അസംഘടിത മേഖലകളിലെയും, ചെറുകിട സംരംഭങ്ങളിലെയും തൊഴിലാളികൾ, കൃഷിക്കാര്‍ എന്നിവര്‍ അവയുടെ തിരിച്ചടവിന്‌ വല്ലാത്ത ബുദ്ധിമുട്ട്‌ നേരിടുകയാണെന്നും ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ മൊറട്ടോറിയത്തിന്റെ രൂപത്തിൽ കേന്ദ്രസർക്കാർ ആശ്വാസം നല്‍കണമെന്നും കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.