നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ

 

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം

അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപും ഹർജി നൽകിയിട്ടുണ്ട്

തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന് പൾസർ സുനിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും. അതേസമയം പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതി രേഖപ്പെടുത്തും.