അസി. പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഡ്വ. വി ജോയിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്
ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അഞ്ചിനാണ് ഹരികൃഷ്ണൻ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായത്.
അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥർ പറയുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറയുകയുമായിരുന്നു. മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കസ്റ്റംസിൽ നിന്നുണ്ടായത്. തുടർന്ന് ഹരികൃഷ്ണൻ തനിക്കുണ്ടായ അനുഭവം വിശദീകരിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയും ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുകയുമായിരുന്നു.

 
                         
                         
                         
                         
                         
                        