ആലപ്പുഴയിലെ ഇരട്ട കൊലപാതകം; നാളെ സര്‍വ്വകക്ഷി യോഗം: മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും

ഇരട്ട കൊലപാതകം നടന്ന ആലപ്പുഴയില്‍ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ കളക്ടര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വൈകിട്ട് മൂന്നു മണിക്കാണ് സമാധാന യോഗം. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശമുണ്ട്. 12 മണിക്കൂറിനിടെയാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനാണ് ആദ്യ കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു.

സംഘര്‍ഷ സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനം കടുക്കുകയാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്നാണ് എസ്ഡിപിഐയുടെ പ്രത്യാരോപണം.