ആലപ്പുഴയിലെ ഇരട്ട കൊലപാതകം: സംസ്ഥാനത്തോട് കേന്ദ്രം റിപ്പോർട്ട് തേടും

ആലപ്പുഴ കൊലപാതകങ്ങളില്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും. പ്രാഥമിക റിപ്പോര്‍ട്ട് ഗവര്‍ണ്ണറോട് അടിയന്തരമായി ആവശ്യപ്പെടുമെന്നാണ് വിവരം.

കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. പിണറായി സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു.

ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പാലക്കാട് സംഭവത്തിനുശേഷം ജാഗ്രതാ നിര്‍ദേശമുണ്ടായെങ്കിലും മുന്‍ കരുതല്‍ സ്വീകരിച്ചില്ല. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടുന്നത്.

കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും കേന്ദ്രം പരിശോധന നടത്തും. സംസ്ഥാന ഭരണം നിഷ്‌ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്.