തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ; കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നു: വി.ഡി സതീശന്‍

 

ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞുവെന്ന് വി.ഡി സതീശന്‍ പറഞ്ഞതായി ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?’ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുതല്‍ ഇല്ലാതായോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അനുകമ്പയും കരുതലുമാണ് ഭക്ഷ്യകിറ്റിന് ആധാരമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

റേഷന്‍ കട വഴിയുള്ള സൗജന്യ കിറ്റ് വിതരണം ഇനി മുതല്‍ ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ആളുകള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ജോലിക്ക് പോകാനാവുന്ന സാഹചര്യമാണ്. അതിനാല്‍ വരും മാസങ്ങളില്‍ കിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ല. അതേസമയം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.