സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ആളുകള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോൾ ജോലിക്ക് പോകാനാവുന്ന സാഹചര്യമാണ്. അതിനാല്‍ വരും മാസങ്ങളില്‍ കിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ല. കഴിഞ്ഞ ഓണക്കാലത്തായിരുന്നു അവസാനമായി സൗജന്യ കിറ്റ് വിതരണം ചെയ്തത്.
അതേസമയം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ന്യായ വിലയ്ക്ക് സപ്ലൈക്കോയിലൂടെയും കണ്‍സ്യൂമര്‍ഫെഡിലൂടെയും സാധനങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചട്ടില്ല.
പച്ചക്കറിയുടെയും മറ്റ് സാധനങ്ങളുടെയും വില കൂടുന്നത് ഗൗരവമായ വിഷയമാണ്. വിലക്കയറ്റം തടയാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ആന്ധ്രയില്‍ നിന്ന് ഉത്പന്നങ്ങള്‍ എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.