എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്: കെ മുരളീധരൻ

 

എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരൻ എംപി. ഏത് ജാതി സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാനും ഏത് നിലപാടും സ്വീകരിക്കാനും കഴിവുള്ളയാളാണ് പിണറായി. കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. കോൺഗ്രസിൽ പ്രവർത്തിക്കുന്നവർ മാത്രം മതിയെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിക്ക് പാർട് ടൈം ജോലിക്കാരെ വേണ്ട. മുഴുവൻ സമയ പ്രവർത്തകരെയാണ് വേണ്ടത്. അച്ചടക്കം താനടക്കമുള്ള എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ചയില്ല. ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർഥിയെ പാര വെക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ടെന്നും മുരളീധരൻ പറഞ്ഞു.