മുംബൈ: കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനെയാണ് മുംബൈയിൽ നിന്ന് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസെന്ന പേരിൽ സമൂഹമാധ്യമം വഴി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അധ്യാപകൻ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം എട്ടാം തീയതിയാണ് ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ എട്ടാംക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം അതെ സ്കൂളിലെ അധ്യാപകനായ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് പിതാവ് ആരോപിച്ചിരുന്നു. ഉസ്മാൻ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിക്ക് തുടർച്ചയായി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് അധ്യാപകനെ വിലക്കിയിരുന്നു. ഇത് ഗൗനിക്കാതിരുന്ന ഉസ്മാൻ സ്വകാര്യ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി പൊലീസിന് സൂചന ലഭിച്ചു.
ഇതിന് പിന്നാലെ ഉസ്മാനെ പ്രതിചേർത്ത അന്വേഷണം തുടങ്ങിയത്. എന്നാൽ ഇവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിലെ ഒളിയിടത്തിലായിരുന്നു താമസം. എന്നാൽ കൃത്യമായി ഫോൺ പിന്തുടർന്ന് അന്വേഷണ സംഘം മുംബൈയിലെത്തി ഉസ്മാനെ പിടികൂടുകയായിരുന്നു. അധ്യാപകനെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി.ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു. ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ്റെ നിർദ്ദേശം.