കടൽക്കൊല കേസിൽ ബോട്ടുടമയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് താത്ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ രണ്ടംഗ ബഞ്ചിന്റെ നടപടി.
ഇറ്റാലിയൻ നാവികരുടെ വെടിവെപ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് ബോട്ടുടമക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിനോടും കോടതി നിലപാട് ആരാഞ്ഞിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും.
2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത് എന്നാണ് നാവികര്‍ ഇറ്റാലിയന്‍ നാവികര്‍ വാദിച്ചിരുന്നത്.