സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് തുടങ്ങിയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

കിഫ്ബി, സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയുടെ അറസ്റ്റ് തുടങ്ങിയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. വിവാദ സിഎജി റിപോര്‍ട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാവും. സ്വര്‍ണക്കടത്ത്, ബിനീഷ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിഎജിക്കെതിരേ സര്‍ക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് അതീവരഹസ്യമായ സിഎജി റിപോര്‍ട്ട് പുറത്തുവിട്ടതോടെ ധനമന്ത്രി തന്നെ വെട്ടിലായ സ്ഥിതിയിലാണ്.

കേന്ദ്ര ഏജന്‍സികളുടെ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സിഎജി റിപോര്‍ട്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ധനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കുന്നതിനാല്‍ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷ നീക്കം തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. അഞ്ചുമാസമായി സംസ്ഥാനത്തെ പ്രധാനചര്‍ച്ച സ്വര്‍ണക്കടത്തും സര്‍ക്കാരിനെ കുരുക്കുന്ന അനുബന്ധവിവാദങ്ങളുമായിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ എം ശിവശങ്കറിനെയും മയക്കുമരുന്ന് കേസില്‍ ബിനീഷിനെയും ഇഡി അറസ്റ്റുചെയ്തതോടെ ക്ലിഫ് ഹൗസും എകെജി സെന്ററും ഒരുപോലെ വെട്ടിലായി. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറി പോലും മാറുന്ന സ്ഥിതിവിശേഷമുണ്ടായതോടെയാണ് ചര്‍ച്ച വഴിമാറ്റാന്‍ സിഎജി വിവാദവുമായി മന്ത്രി തോമസ് ഐസക് രംഗത്തുവന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, കരട് റിപോര്‍ട്ടെന്ന തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞതോടെ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്