സംസ്ഥാനത്ത് ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന; ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ

സംസ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം മദ്യശാല തുറന്ന ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും മദ്യശാലകൾ വഴിയാണ് 51 കോടി രൂപയുടെ മദ്യം വിറ്റത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 68 ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്ന് ചെലവായി

സംസ്ഥാനത്തെ 265 ഔട്ട് ലെറ്റുകളിൽ 225 എണ്ണമാണ് ഇന്നലെ പ്രവർത്തിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 30 മുതൽ 40 കോടിയുടെ വരെയാണ് വിൽപ്പനയുണ്ടാകുക. ആഘോഷ ദിവസങ്ങളിൽ 70 കോടിയുടെ വരെ വിൽപ്പന കേരളത്തിലുണ്ടാകാറുണ്ട്

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിൽ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയിൽ 64 ലക്ഷം രൂപയുടെയും മദ്യം വിറ്റു. അതേസമയം ബാറുകളിലെ കണക്കുകൾ ലഭിച്ചിട്ടില്ല