കുറിപ്പടിയുമായി മന്ത്രി വന്നപ്പോഴും ഫാർമസിയിൽ മരുന്നില്ല; മാനേജർക്ക് സസ്‌പെൻഷൻ

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മന്ത്രി മെഡിക്കൽ കോളജിലെത്തിയത്. വിവിധ വിഭാഗങ്ങൾ മന്ത്രി പരിശോധിച്ചു. അത്യാഹിത വിഭാഗമടക്കം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി മന്ത്രി വിലയിരുത്തി

ഇതിന് ശേഷം വാർഡുകളിലും മന്ത്രി സന്ദർശിച്ചു. ഇതിനിടെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ കണ്ട് കാരുണ്യ ഫാർമസിയിൽ നിന്ന് മരുന്നുകളൊന്നും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. മരുന്നിന്റെ കുറിപ്പുമായി മന്ത്രി തന്നെ നേരിട്ട് ഫാർമസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ആദ്യം വേറൊരാളെ ഫാർമസിയിലേക്ക് പറഞ്ഞുവിട്ടു

മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ഇയാളോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതോടെ മന്ത്രി തന്നെ നേരിട്ട് ഫാർമസിയിലേക്ക് വന്നു. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ ജീവനക്കാർ പതറി. തുടർന്ന് മന്ത്രി ഫാർമസിയിൽ കയറി കമ്പ്യൂട്ടറിൽ മരുന്നിന്റെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ സ്‌റ്റോക്ക് കൃത്യമായി ചെയ്യണമെന്ന് മന്ത്രി നിർദേശം നൽകി. തുടർന്ന് ഇന്നലെയോടെ സ്‌റ്റോക്ക് മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.