ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും വീണ്ടും ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്

കൊച്ചി: ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും ഒരിക്കല്‍ കൂടി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷക്ക മരണം സംഭവിച്ച കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുള്ള അരവിന്ദിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കായംകുളം സ്വദേശിയായ 18 വയസ്സുകാരനിലാണ് വച്ചു പിടിപ്പിക്കുന്നതിനായി എത്തിക്കുന്നത്.

അവയവങ്ങള്‍ എടുക്ക വാനുള്ള ശസ്ത്രക്രിയ കിംസ് ആശുപത്രിയില്‍ പുരോഗമിക്കുകയാണെന്ന് എറണാകുളം ലിസി ആശുപത്രി അധികൃതര്‍ അറിയിച്ചു. അഞ്ച് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഹൃദയവുമായി പുറപ്പെടുന്ന ഹെലികോപ്ടര്‍ 5.30 ന് എറണാകുളം ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തിന്റെ ഹെലിപ്പാടില്‍ ഇറങ്ങും. ഇവിടെ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ റോഡ് മാര്‍ഗം വാഹനത്തില്‍ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ലിസി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹൃദയം ക്രമാതീതമായി വളരുന്ന രോഗം ബാധിച്ച സൂര്യ നാരായണനെ തിങ്കളാഴ്ചയാണ് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയം മാറ്റിവെയ്ക്കലല്ലാതെ മറ്റു പോംവഴിയില്ലെന്ന് ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം എത്തിച്ചേര്‍ന്നു.അനുയോജ്യമായ ഹൃദയം ലഭിക്കുന്നതിനുള്ള കാത്തിരിപ്പായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ ഡോ. ജേക്കബ്ബ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരം കിംസിലേക്ക് റോഡ് മാര്‍ഗ്ഗം പുറപ്പെടുകയായിരുന്നു.