ഹൈക്കമാൻഡുമായുള്ള ചർച്ച ഇന്ന്; പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും തീരുമാനമാകും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡിന്റെ നിർണായക ചർച്ച ഇന്ന്. സ്ഥാനാർഥി നിർണയവും ഡിസിസി പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും സംബന്ധിച്ച് ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമാകും.

എംപിമാരും രണ്ട് തവണ തോറ്റവും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിർദേശങ്ങൾ ഹൈക്കമാൻഡ് മുന്നോട്ടുവെക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതും ചർച്ചയാകും

തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയ ഡിസിസികളിൽ മാറ്റം വേണമെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്. താരിഖ് അൻവറിന്റെ റിപ്പോർട്ടും നിർണായകമാകും.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് താരിഖ് അൻവറിനോട് ഘടകകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കിയേക്കും. ഇതും യോഗത്തിൽ തീരുമാനമാകും.