മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

 

മോൻസൺ കേസിൽ ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇ.ഡി സാമ്പത്തിക വിഷയങ്ങൾ അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് മറ്റു കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണണ്ടതില്ലെന്നും കോടതി അറിയിച്ചു. മോൻസൻ മാവുങ്കലിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ ഹർജി തീർപ്പാക്കണമെന്ന പൊലീസിന്‍റെ ആവശ്യം രൂക്ഷമായ വിമർശനത്തോടെ കഴിഞ്ഞതവണ ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ ഐ.ജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്ന കോടതിയുടെ ചോദ്യത്തോട് ഇല്ലെന്ന് അറിയിച്ച സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുമ്പോൾ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്നും വ്യക്തമാക്കി. മോൺസണെ സഹായിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തതായും സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.