തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടിയതായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. ഇടുക്കി ജില്ലയിൽ പാർട്ടി നല്ല മുന്നേറ്റം കാഴ്ചവെച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് മത്സരിച്ചതിൽ നാലിടത്തും ജയിച്ചു
തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. മത്സരിക്കുന്ന സീറ്റുകളിൽ ചിലർ മനപ്പൂർവം പ്രശ്്‌നങ്ങളുണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ടാണ് ചിലയിടത്ത് തോറ്റത്.
ഇടുക്കിയിൽ മാത്രം ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 87 പേർ ജയിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച 44 പേർ മാത്രമാണ് ഇവിടെ ജയിച്ചത്. പാർട്ടി തകർന്നുവെന്ന വാർത്തകൾ ശരിയല്ല. പാലായിലെ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായില്ല. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റമുണ്ടായി. കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ജോസഫ് വിഭാഗമാണ്.
പത്തനംതിട്ടയിൽ ചെണ്ട ചിഹ്നത്തിൽ 32 പേർ ജയിച്ചു. കോട്ടയത്ത് 100 ഇടത്ത് ജയിച്ചു. സംസ്ഥാനത്താകെ 292 പേർ പാർട്ടി സ്ഥാനാർഥികളായി ജയിച്ചു. ചെണ്ട രണ്ടിലയേക്കാൾ നല്ല ചിഹ്നമാണ്. രണ്ടില ജോസ് കൊണ്ടുപോകട്ടെ. ചെണ്ട പാർട്ടി ചിഹ്നമാക്കിയാലോ എന്ന് ആലോചിക്കുകയാണെന്നും ജോസഫ് പറഞ്ഞു.