തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനായി ജോസ്-ജോസഫ് വിഭാഗങ്ങൾ അവകാശവാദം ഉന്നയിച്ചതോടെയാണ് നടപടി.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാനാകൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. രണ്ടില മരവിപ്പിച്ച സാഹചര്യത്തിൽ പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചു.
മാണിയുടെ മരണത്തോടെ പാർട്ടിയുടെ അവകാശത്തെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ നിയമപോരാട്ടം നടക്കുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു.