കേരളത്തിലെ പാർട്ടി പുനഃസംഘടന ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതിരുന്നാൽ അത് പ്രവർത്തനത്തെ മോശമായി ബാധിക്കുമെന്നും സതീശൻ പറഞ്ഞു. പ്രവർത്തകരുടെയും എക്‌സിക്യൂട്ടീവിന്റെയും ഡിസിസി പ്രസിഡന്റുമാരുടെയും വികാരം മാനിച്ചാണ് പുനഃസംഘടന നടത്തുന്നത്.
പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റ സ്ഥലങ്ങളിൽ പലയിടത്തും 120 മുതൽ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
പുനഃസംഘടന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സതീശന്റെ പ്രതികരണം. എന്നാൽ മുതിർന്ന നേതാക്കൾക്ക് പരാതിയുള്ളതായി അറിയില്ല. അവരുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നും സതീശൻ പറഞ്ഞു.