തൃപ്പുണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയെ തുടർന്നെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ പറയുന്നു.
992 വോട്ടുകൾക്കാണ് എം സ്വരാജ് തൃപ്പുണിത്തുറയിൽ പരാജയപ്പെട്ടത്. സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകൾ ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടു.
ഏരൂർ, തെക്കുംഭാഗം, ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർഥി മോഹമുണ്ടായിരുന്നു. ഇതും വോട്ടു ചോർച്ചക്ക് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ജെ ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ.