ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റ്റ്റംസ്; 4 മണിക്കൂര്‍ റെയ്ഡ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ ഫരീദിനെ പൂട്ടാന്‍ ഉറച്ച് കസ്റ്റംസ്. ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളമാണ് ഫൈസിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്.

അഞ്ചംഗ സംഘമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഒന്നരയോടെയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസല്‍ കുടുംബസമേതം ദുബായില്‍ ആയത് കൊണ്ട് ഈ വീട് ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. ഫൈസലിന്റെ ബന്ധുവിന്റെ കൈയ്യിലായിരുന്നു ഈ വീട്ടിന്റെ താക്കോല്‍, ഇവരെ വിളിച്ച് വരുത്തിയാണ് വീട് തുറന്നത്.

നേരത്തെ വീട് സീല്‍ ചെയ്ത് മടങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ താക്കോല്‍ ഇവരുടെ കൈവശമുണ്ടെന്ന് അറിഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്.
അടച്ചിട്ട വീടിനകത്ത് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പൂട്ടിയിട്ടിരുന്ന അലമാരകള്‍ പുറത്ത് നിന്ന് ആളെ എത്തിച്ചാണ് തുറന്നതും പിന്നീട് പരിശോധിച്ചതും. രഹസ്യ അറകള്‍ ഉണ്ടോ എന്നായിരുന്നു പരിശോധന. ഫൈസലിന്റെ ബന്ധുക്കളില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു.