ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത അന്ധവിദ്യാർഥിനിയെ പീഡിപ്പിക്കുകയും പണം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അന്ധവിദ്യാലയം വാച്ചർ അറസ്റ്റിൽ. ഒരു വർഷത്തിന് ശേഷമാണ് സ്ഥാപനത്തിലെ വാച്ചറായ രാജേഷ് അറസ്റ്റിലായത്.
പീഡനത്തിന് ശേഷം ഇയാൾ കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കണമെന്ന് പെൺകുട്ടിയുടെ സഹോദരനോട് രാജേഷ് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സംഭവമറിഞ്ഞിട്ടും സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ഒരു വർഷം മുമ്പായിരുന്നു പീഡനം. വിവരം പുറത്താകുന്നതിന് മുമ്പ് തന്നെ അട്ടിമറിക്കാനുള്ള ശ്രമം പ്രതി ആരംഭിച്ചിരുന്നു
ആദ്യം പെൺകുട്ടിയുടെ സഹായി ആയിരുന്ന സുഹൃത്തിന് പണം നൽകി. പിന്നീട് പെൺകുട്ടിയുടെ സഹോദരനെ വരുതിയിലാക്കാൻ ശ്രമിച്ചു. ജനുവരി 26ന് പെൺകുട്ടിയുടെ കുടുംബത്തെ സ്‌കൂളിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പിന് ശ്രമിച്ചത് സ്‌കൂൾ മാനേജരും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും കൂടിയായ വ്യക്തിയാണ്. സംഘടനയുടെ മറ്റ് അംഗങ്ങൾ ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തായത്.