നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ കൂടി സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കി. കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്
കൊല്ലത്ത് എം സുനിലും, കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയും സ്ഥാനാർഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയത്. നേരത്തെ കഴക്കൂട്ടത്ത് ഒരു സസ്‌പെൻസ് ഉണ്ടാകുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്
കോൺഗ്രസിൽ നിന്നുള്ള നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇത് പാളിയതോടെയാണ് ശോഭക്ക് നറുക്ക് വീണത്. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
മാനന്തവാടിയിൽ നേരത്തെ മണികണ്ഠനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്നാണ് മുകുന്ദനെ സ്ഥാനാർഥിയാക്കിയത്.