ശോഭാ സുരേന്ദ്രനെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയ സംസ്ഥാന ഘടകത്തിന് തിരിച്ചടി. ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. മത്സരിക്കാനില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന ഘടകം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് സംസ്ഥാന ഘടകം നൽകിയ പേരുകൾ കേന്ദ്രം അംഗീകരിച്ചിട്ടില്ല.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു.
കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. പട്ടികയിൽ എല്ലാ സാമുദായിക വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ടെന്നും ക്രിസ്ത്യൻ സഭകളുടെ താത്പര്യം പരിഗണിച്ചിട്ടുണ്ടെന്നും എം.ടി രമേശ് പറഞ്ഞു. ബിജെപി അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ല, 40 സീറ്റ് കിട്ടിയാൽ മറ്റ് കക്ഷികൾ ബിജെപിക്കൊപ്പം വരുമെന്നും എംടി രമേശ് പറഞ്ഞു.

 
                         
                         
                         
                         
                         
                        