മംഗലാപുരം-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ തീ പിടിത്തം. എൻജിന് പിന്നിലുള്ള പാഴ്‌സൽ ബോഗിക്കാണ് തീ പിടിച്ചത്. ഉടൻ തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം വഴിമാറി
വർക്കലയിൽ വെച്ചാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. അര മണിക്കൂറിനുള്ളിൽ തന്നെ തീ അണയ്ക്കാൻ സാധിച്ചു. തീ പടർന്ന ബോഗി മറ്റ് കോച്ചുകളിൽ നിന്ന് വേഗം വേർപെടുത്തുകയും ചെയ്തു
നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി അദ്യമെത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തീവണ്ടി വർക്കലയിൽ നിർത്തിയിട്ടിരിക്കുകയാണ്. പാഴ്‌സൽ ബോഗിയിലുണ്ടായിരുന്ന ബൈക്കുകൾ തമ്മിലുരസിയാണ് തീ പിടിച്ചതെന്ന് കരുതുന്നു. വലിയ പുകയാണ് പ്രദേശമാകെ ഉയർന്നത്. യാത്രക്കാരെ സുരക്ഷിതമായി ട്രെയിന് പുറത്തേക്ക് മാറ്റി