സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധ ഇടങ്ങളിലായി വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളും. തിരുവനന്തപുരത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മഴ ഇന്നും തുടരാനാണ് സാധ്യത. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിി
പത്തനംതിട്ടയിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കോട്ടയത്തും പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അതേസമയം കൊല്ലത്ത് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിൽ മാത്രം 5168 ഹെക്ടർ കൃഷി നശിച്ചു. കേന്ദ്രസഹായം തേടുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ജില്ലയിൽ 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
അപ്പർ കുട്ടനാട്ടിൽ കൈനഗിരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ, തലവടി മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കുട്ടനാട്ടിലും മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൊല്ലം മൺറോ തുരുത്തിൽ അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി.