സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഈ മാസം ഇരുപതിലേക്കു മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളജ് തുറക്കുന്നത് നീട്ടിയത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് മുമ്പ് തന്നെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു.