കോൺഗ്രസ് വിട്ട് രതികുമാർ സി.പി.എമ്മിലേക്ക്; സ്വീകരിച്ച് കോടിയേരി

 

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനാണ് രതികുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എകെജി സെന്ററില്‍ നേരിട്ടെത്തി രതികുമാർ സിപിഎമ്മില്‍ ചേര്‍ന്നത്. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊല്ലം പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രതികുമാര്‍ കഴിഞ്ഞ രണ്ടര വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. രാജിയുടെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്ന് ഇന്നലെ കോൺഗ്രസിൽ നിന്നും രാജിവെച്ച അനിൽകുമാർ പറഞ്ഞിരുന്നു.

കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ട് രതികുമാര്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇമെയില്‍ അയച്ചിരുന്നു. രാജിവെയ്ക്കുന്ന കാര്യം ഫോണില്‍ അറിയിക്കാന്‍ രതികുമാര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിക്കാതെ വന്നതോടെ ഇമെയില്‍ വഴി രാജിക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ രമേശ് ചെന്നിത്തല പക്ഷത്തോട് ചേര്‍ന്നായിരുന്നു രതികുമാർ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതോടെ കെ സി വേണുഗോപാല്‍ പക്ഷത്തേക്ക് മാറിയിരുന്നു.