ദമാം: നവോദയ സാംസ്‌കാരിക വേദിയുടെ ചാർട്ടേഡ് വിമാനം ഒരു കൈകുഞ്ഞടക്കം 173 യാത്രക്കാരുമായി ഇന്നലെ ദമാമിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങി. സൗദി അറേബ്യയിൽ നിന്നും ആദ്യമായാണ് പൂർണമായും സൗജന്യമായി ഒരു വിമാനം ചാർട്ട് ചെയ്യുന്നത്.
ഇന്റിഗോ എയർ 6സി9534 എന്ന വിമാനം സൗദി സമയം 5.45 നാണ് ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ടേക് ഓഫ് ചെയ്തത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും നിയമക്കുരുക്കിൽ പെട്ടവരുമായ 173 പേരാണ് സൗജന്യമായി നാട്ടിൽ എത്തിയത്. ഇതിൽ 124 പേർ കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ്. 18 പേർ ഹുറൂബ് ആയി നിയമ പ്രശ്‌നങ്ങൾ നേരിട്ടിരുന്നവരും. 22 സ്ത്രീകളും 10 കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവരും യാത്രക്കാരായി ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് പേർ വീൽചെയറിലാണ് യാത്ര ചെയ്തത്. യാത്രക്കാർക്ക് ഭക്ഷണവും പി പി ഇ കിറ്റും നവോദയ പ്രവർത്തകർ വിമാനത്താവളത്തിൽ വിതരണം ചെയ്തു. യാത്രക്കാർക്ക് വേണ്ട എല്ലാ സഹായങ്ങൾക്കുമായി നവോദയ വളണ്ടിയർമാർ മുഴുവൻ സമയവും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഒരു കൂട്ടം മനുഷ്യരുടെ പ്രതീക്ഷാനിർഭരമായ യാത്രയയപ്പിനാണ് ദമാം വിമാനത്താവളം വേദിയായത്.