നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ ചേരാൻ സികെ ജാനുവിന് ലക്ഷങ്ങൾ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
സ്ഥാനാർഥിയാകാൻ 50 ലക്ഷം കോഴ നൽകിയെന്ന പരാതിയിൽ കേസെടുക്കാനാണ് നിർദേശം. ജെ ആർപി ട്രഷറർ പ്രസീത അഴീക്കോടാണ് സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയ കാര്യം വെളിപ്പെടുത്തിയത്. ജാനു പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് പ്രസീതയോട് സുരേന്ദ്രൻ സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു.