സ്വപ്‌നയും ഉന്നതനും ഫോണിൽ ബന്ധപ്പെട്ടു; അന്വേഷിക്കാൻ തീരുമാനം

തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് ശേഷം റെക്കോർഡ് ചെയ്ത് മറുപടി നൽകുകയുമാണുണ്ടായതെന്നാണ് ആരോപണം.

സ്വപ്‌നയും ഉന്നതനും നേരിട്ട് ഫോണിലൂടെ സംസാരിച്ചിട്ടില്ല. സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കിയാണ് സ്വപ്‌നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്ക് അയച്ചത്. ഇഡിക്ക് സ്വപ്‌ന നൽകിയ മൊഴി എന്താണെന്ന ചോദ്യമാണ് സന്ദേശത്തിലുണ്ടായിരുന്നത്.

ഇതിന് സ്വപ്‌ന മറുപടി നൽകിയതയാണ് അറിയുന്നത്. ഇനി ചോദ്യം ചെയ്യുകയാണെങ്കിൽ പറയേണ്ട കാര്യങ്ങൾ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇതിന് സ്വപ്‌ന മറുപടി നൽകിയില്ല. സ്വപ്‌നയുടെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊബൈലുകൾ എൻഐഎ നിരീക്ഷണത്തിലാണ്.

അതേസമയം സ്വപ്നക്ക് ഫോൺ കൈമാറിയിട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. റിപ്പോർട്ട് ഇന്ന് തന്നെ നൽകും

നെഞ്ചുവേദനയെ തുടർന്ന് സ്വപ്നക്ക് ചൊവ്വാഴ്ച ആൻജിയോഗ്രാം നടത്തും. ഹൃദയസംബന്ധമായ തകരാറാണോയെന്ന് പരിശോധിക്കാനാണിത്. പ്രാഥമിക പരിശോധനയിൽ രോഗമുള്ളതായി കണ്ടെത്തിയിട്ടില്ല. മറ്റൊരു പ്രതി റമീസിന് ചൊവ്വാഴ്ച എൻഡോസ്‌കോപ്പി പരിശോധന നടത്തും. വയറുവേദനയെ തുടർന്നാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.