ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് കേസ്.
ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയപതാക തലകീഴായി ഉയർത്തുകയായിരുന്നു. തെറ്റ് മനസിലായതോടെ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. എന്നാൽ പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം.