കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് ബാധ; പ്രതിരോധം ശക്തമാക്കുന്നു, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുവകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

തിരുവനന്തപുരത്താണ് രോഗം റിപോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവില്‍ 8 കേസുകളാണുള്ളത്. അതില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. സിക്ക വൈറസ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്.