സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങല്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണെന്നും ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണം.ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം.