നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു; ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: അറബിക്കടലിലുണ്ടായ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നെന്ന് കെഎസ്ഇബി. കേരളത്തിലാകെ വീശിയടിച്ച കാറ്റിലും പെരുമഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു.

കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ജീവനക്കാര്‍ പ്രയത്‌നിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച കെഎസ്ഇബി എല്ലാവരും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം 94 96 01 01 01 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.