കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്നയാണ് സിജിയെ വെട്ടിക്കൊന്നത്. റോസന്നക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.
പുലർച്ചെയാണ് സംഭവം നടന്നത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നക്കൊപ്പം കുട്ടിയുള്ളത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. റോസന്നയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു.