തിരുവനന്തപുരം വര്‍ക്കലയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു.
അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല. വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ കൈ ഞരമ്പുകളും മുറിഞ്ഞിട്ടുണ്ടായിരുന്നു. ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. ഏകദേശം 10 മണിയോടെ ആതിരയുടെ അമ്മ മകളെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയെങ്കിലും ആരെയും കാണാന്‍ സാധിച്ചിരുന്നില്ല.
കൊല്ലത്ത് നിന്ന് ശരത് തിരിച്ചെത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കല്ലമ്പലം പൊലീസാണ് കേസെടുത്തത്