കാസർകോട് ബളാൽ ആൻമരിയ കൊലക്കേസ് പ്രതി ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഐസ്‌ക്രീമിൽ വിഷം ചേർത്ത് കുടുംബാംഗങ്ങളെ കൂട്ടക്കൊലപാതകത്തിന് ഇരയാക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യം. സഹോദരി ആൻമരിയ മാത്രമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആൽബിൻ കൊലപാതകത്തിനുള്ള ശ്രമം നടത്തിയത്. കുടുംബസ്വത്തായ നാലരയേക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാട് വിടുകയായിരുന്നു ലക്ഷ്യം.
അതേസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. മഞ്ഞപ്പിത്തമെന്ന് കരുതി നാടൻ വൈദ്യന്റെ അടുക്കലാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
ഐസ്‌ക്രീമിൽ വിഷം ചേർത്താണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടത്. ഐസ്‌ക്രീം കൂടുതലായി കഴിച്ചത് ആനിയും പിതാവ് ബെന്നിയുമാണ്. ഈ മാസം അഞ്ചിനാണ് ആനി മരിക്കുന്നത്. ബെന്നി ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.