ന്യൂഡൽഹി: രാജ്യത്ത് അവസാന ദിവസം 555 കൊവിഡ് മരണം കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതിൽ 471ഉം കേരളത്തിലേതാണ്. മുൻ മാസങ്ങളിൽ കേരളത്തിലുണ്ടായ മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതാണ് ഇതിൽ ഏറെയും. പുതിയ മാനദണ്ഡങ്ങൾ പ്രകാരം കൊവിഡ് മരണമായി കണക്കാക്കപ്പെടുന്നതുമുണ്ട്. ഇതോടെ കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 35,500 പിന്നിട്ടു. 1.40 ലക്ഷം പേർ മരിച്ച മഹാരാഷ്ട്രയും 38,000ൽ ഏറെ പേർ മരിച്ച കർണാടകയും 36,000ലേറെ പേർ മരിച്ച തമിഴ്നാടും കഴിഞ്ഞാൽ കൊവിഡ് മരണത്തിൽ നാലാം സ്ഥാനത്തായി കേരളമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മുൻമാസങ്ങളിലെ കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് കണക്കിൽ ചേർത്തുവരികയാണു കേരളം.
രാജ്യത്ത് അവസാന ദിവസം പുതുതായി സ്ഥിരീകരിച്ച പ്രതിദിന രോഗബാധ 11,850 ആയിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും കേരളത്തിലാണ്. രാജ്യത്തെ ആക്റ്റിവ് കേസുകൾ 1.36 ലക്ഷമായി കുറഞ്ഞു. 274 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതുവരെയുള്ള മരണസംഖ്യ 4,63,245. ദേശീയ റിക്കവറി നിരക്ക് 98.26 ശതമാനമായിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനം. പ്രതിവാര നിരക്ക് 1.05 ശതമാനത്തിലാണ്. മരണനിരക്ക് 1.35 ശതമാനമായി ഉയർന്നു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 3.44 കോടിയിലേറെ പേർക്കാണ്. ഇതിൽ 3.38 കോടിയിലേറെ പേരും രോഗമുക്തരായി. ഇതുവരെ 111.40 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു