45 വയസിന് മുകളിലുള്ളവരുടെ വാക്‌സിൻ ലഭ്യമാക്കുന്നത് കേന്ദ്രം; വാക്‌സിൻ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു: പിണറായി വിജയൻ

 

തിരുവനന്തപുരം: 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം അവർക്ക് നൽകാൻ 2.26 കോടി വാക്‌സിൻ ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയുടെ ഭാഗമായി മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്‌സിൻ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്‌സിൻ നൽകും. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും വാക്‌സിൻ നൽകും. എന്നാൽ ഈ ഘട്ടത്തിൽ തന്നെ എല്ലാവർക്കും നൽകാൻ മാത്രം ഒറ്റയടിക്ക് വാക്‌സിൻ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്‌നം. തിക്കും തിരക്കുമില്ലാതെ ക്രമീകരണം ഏർപ്പെടുത്താൻ തദ്ദേശ-ആരോഗ്യ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും സഹായം പോലീസിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.