രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 56കാരനും മകളും അറസ്റ്റിൽ

 

മലപ്പുറം എടക്കരയിൽ രണ്ടാംഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കൻ അയൂബ്(56) മകൾ ഫസ്‌നി മോൾ എന്നിവരെയാണ് വയനാട് റിസോർട്ടിൽ നിന്നും പോലീസ് പിടികൂടിയത്.

ആക്രമണത്തിൽ അയൂബിന്റെ രണ്ടാം ഭാര്യ സാജിതക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടതി ഉത്തരവുമായി അയൂബിന്റെ വീട്ടിൽ കയറി താമസിച്ച സാജിതയെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നാണ് സാജിതക്ക് വെട്ടേറ്റത്. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു.