സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മേൽ ചൂട് ഉയരും

 

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണം

മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മേൽ ചൂട് ഉയരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരും. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തി.

വേനൽ മഴ അടുത്ത ദിവസങ്ങളിൽ കിട്ടിയില്ലെങ്കിൽ ചൂട് വീണ്ടും ഉയരാനാണ് സാധ്യത. ചൊവ്വാഴ്ചക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.